കടുവയും പുലിയും ആനയും സ്വര്യവിഹാരം നടത്തുന്ന കാട്ടിലൂടെ നാം ഏവരും ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്, എന്നാൽ അത്തരമൊരു കാടിന്റെ ഹൃദയ ഭാഗത്ത് അതും 5000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊടുമുടിയിലൂടെയുള്ള യാത്രയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടൊ, ഉത്തരം അതെ എന്നാണെങ്കിൽ കുറഞ്ഞ ചിലവിൽ കാണാൻ പറ്റിയ അധികമാളുകൾക്കൊന്നും പരിചിതമല്ലാത്ത ഒരിടം ഉണ്ട് ബന്ദീപൂർ കാട്ടിനുള്ളിൽ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കടുവാ സങ്കേതങ്ങളിലൊന്നാണ് ബന്ദീപൂർ നാഷനൽ പാർക്ക്, കർണാടകയുടെയും തമിഴ്നാടിന്റേയും കേരളത്തിന്റെയും വനാതിർത്തി.
ബന്ദീപൂർ വനത്തിലെ ഏറ്റവും ഉയരം കൂടിയ മുടിയാണ് ഗോപാൽസ്വാമി ബേട്ട്. പ്രൈവറ്റ് വാഹനങ്ങൾ മലകയറിയുണ്ടാകുന്ന ശബ്ദമലിനീകരണവും ബ്ലോക്കും കാരണം കർണാടക സ്റ്റേറ്റ് ബസ്സുകൾക്ക് മാത്രമാണ് മുകളിലോട്ട് പോവാൻ അനുവാദമുള്ളത്. ഗുണ്ടൽ പേട്ടയിൽ നിന്നും ഊട്ടിയിലേക്കുള്ള ദേശീയ പാതയിൽ നിന്ന് ഏകദേശം പതിനഞ്ച് കിലോ മീറ്റർ സഞ്ചരിച്ച് വേണം ഇവിടേയ്ക്ക് എത്താൻ. റോഡിന്റെ ഇരുവശങ്ങളിലും സൂര്യകാന്തിയുടെയും ചെണ്ടുമല്ലിയുടെയും പാടങ്ങൾ. ഗപാൽസ്വാമി ഹിൽസിന്റെ താഴ്വവര യഥാതത്തിൽ ഒരു മഞ്ഞക്കടലാണ്.
നാം ചെന്നെത്തുക ഫോറസ്റ്റുകാർ കാവലിരിക്കുന്ന വലിയൊരു കവാടത്തിലാണ്, അവിടെ നമ്മുടെ വാഹനം പാർക്ക് ചെയ്തുവേണം മുകളിലോട്ട് പോവാൻ. പതിനഞ്ചു മിമുട്ട് ഇടവെട്ട് ബസ്സുണ്ട്, കഷ്ടിച്ച് ഒരു ബസ്സിനെ മാത്രം ഉൾക്കൊള്ളാനുള്ള വീതിയെ ആ റോഡിനുള്ളു. വളഞ്ഞും പുളഞ്ഞും പോവുന്ന ചെറിയ ഒരു റോഡ്, റോഡിലെങ്ങും ആനപിണ്ടങ്ങൾ, ഇരു വശങ്ങളിലും ബന്ദീപൂരിന്റെ കാനനക്കാഴ്ചകൾ. കാനന പാതയിലൂടെ അങ്ങനെ പോയാൽ ചെന്നെത്തുന്നത് മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന ഗോപാൽസ്വാമി ബേട്ട് ക്ഷേത്രത്തിലേക്കാണ്. ചോല രാജാവായിരുന്ന ബല്ലാലയാണ് 1315ൽ ഈ ക്ഷേത്രം നിർമിച്ചത്.
തീർത്ഥടകരാണ് സഞ്ചാരികളിലധികവും. വന്യമൃഗങ്ങളുടെ വാസസ്ഥലമായതിനാൽ ഫോറസ്റ്റ് ഗാർഡിന്റെ കനത്ത കാവലിലാണ് ക്ഷേത്രവും പരിസരവും, മലമുകളിൽ നിന്നുള്ള കാഴ്ചകൾ വിവരണാധീതമാണ്. മലമുകളിൽ നിന്ന് ഉദയവും അസ്തമയവും കാണാൻ കഴിയുന്നതിനാൽ രാവിലയും വൈകുന്നേരവും നല്ല തിരക്കാണിവിടം.
No comments:
Post a Comment