നീലഗിരിയിൽ വനത്തിനുള്ളിലായി മഞ്ഞ് മൂടിപ്പുതച്ചുറങ്ങുന്നൊരു പ്രദേശമാണ് കിണ്ണക്കൊര ഗ്രാമം, നീലഗിരിയിലെ മഞ്ഞുപെയ്യുന്ന മഞ്ചൂരിൽ നിന്ന് മലമ്പാതകളും വനപാതകളും താണ്ടിവേണം കിണ്ണക്കൊരയിലെത്താൻ.
കോഴിക്കോട് നിന്ന് നിലമ്പൂർ ഗുഡല്ലൂർ ഊട്ടി മഞ്ചൂർ വഴിയും, കോഴിക്കോട് നിന്ന് പെരിന്തൽമണ്ണ അട്ടപ്പാടി മുള്ളി ചുരം വഴിയും കിണ്ണക്കൊരയിലെത്താം.
ഊട്ടിയിൽ നിന്ന് 35 കിലോമീറ്റർ അകലെയായി മാമലകൾക്ക് മുകളിലായി നീലഗിരിയുടെ സൗന്ദര്യത്തിന് കാവലിരിക്കുന്ന മഞ്ഞുമൂടിയ മഞ്ചൂരിൽ നിന്ന് തായ്ഷോല ഗ്രാമത്തിന്റെ ഹരിത ഭംഗിയിൽ എണ്ണിയാലൊതുങ്ങാത്ത ഹെയർപിൻ വളവുകൾ താണ്ടി, വന്യമൃഗങ്ങൾ സ്വര്യവിഹാരം നടത്തുന്ന സൗത്ത് നീലഗിരി ഫോറസ്റ്റിലൂടെ 40ഒാളം കിലോമീറ്ററുകൾ സഞ്ചരിച്ചാൽ ഉച്ചയ്ക്ക് സൂര്യനുദിക്കുന്ന കിണ്ണക്കൊര ഗ്രാമത്തിലെത്താം.
നീലഗിരിയിലെ സ്വർഗീയ ഗ്രാമമാണ് കിണ്ണക്കൊര, ഊട്ടിയിൽ നിന്ന് തുടങ്ങി മഞ്ചൂർ വഴി കിണ്ണക്കൊരയിലെത്തുന്ന മെയിൻ പാത കിണ്ണക്കൊരയ്ക്ക് അടുത്തുള്ള ഹിരിയസിഗായ് എന്ന ഗ്രാമത്തിലാണ് അവസാനിക്കുന്നത്. വളരെ കുറഞ്ഞ വീടുകളുള്ള ഒരു വനയോര ഗ്രാമം. പുറം നാടുകളിൽ നിന്ന് അനേകമാളുകളാണ് കിണ്ണക്കൊരയുടെ സൗന്ദര്യമാസ്വദിക്കാൻ ദിനംപ്രതി ഇവിടെ എത്തുന്നത്. ചെറിയ ഒരു ചായക്കട മാത്രമാണ് ഈ ഗ്രാമത്തിലുള്ളത്. 40കിലോമീറ്റർ അകലെയുള്ള മഞ്ചൂർ വിട്ടാൽ താമസ സൗകര്യങ്ങളൊ പെട്രോൾ പമ്പുകളൊ ഒന്നുമില്ല.
പ്രഭാത സമയങ്ങളിൽ മഞ്ഞുമൂടിക്കിടക്കുന്നതിനാൽ ഈ ഗ്രാമത്തിലുള്ളവർ വളരെ വൈകിയാണ് സൂര്യനെ കാണാറുള്ളത്. ഊട്ടിയിലേക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരിടമാണ് കിണ്ണക്കൊര ഗ്രാമം.