വടക്ക് ഭാരതപുഴയും തെക്ക് പൂകൈതപ്പുഴയും കിഴക്ക് കനാലികനാലും പടിഞ്ഞാറ് അറബിക്കടലിനാലും വലയം ചെയ്ത പൊന്നാനി എന്ന ചരിത്ര നഗരത്തിന്റെ കേളി ലോകമെങ്ങും പ്രസിദ്ധമാണ്.
200 കിലോമീറ്റർ അപ്പുറത്തുള്ള ആനമലയിൽ നിന്ന് ഉൽഭവിക്കുന്ന ഭാരതപ്പുഴ വിഭിന്നമായ കലയോടും സംസ്കാരങ്ങളോടും സല്ലപിച്ച് അറബിക്കടലിനോട് സംഗമിക്കുന്നത് പൊന്നാനിയിൽ വച്ചാണ്.
ഏകദേശം 100ഒാളം മസ്ജിദുകളാണ് പൊന്നാനിയുടെ പലഭാഗങ്ങളിലുമായുള്ളത്. ഇത്രയധികം പള്ളികളുള്ള ഒരു ചെറുനഗരം ഒരുപക്ഷേ ലോകത്ത് മറ്റൊന്ന് ഉണ്ടാവില്ല. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് 1519ൽ സൈനുദ്ദീൻ മഖ്തും ഒന്നാമൻ നിർമ്മിച്ച വലിയ ജുമാഅത്ത് പള്ളിയാണ്. തൊള്ളായിരം വർഷത്തിലധികം പഴക്കമുള്ള തോട്ടുങ്ങൽ പള്ളിയാണ് പൊന്നാനിയിലെ ഏറ്റവും പഴക്കംചെന്ന പള്ളിയെന്ന് വിശ്വസിക്കപ്പെടുന്നു.
വലിയ ജുമഅത്ത് പള്ളിയുടെ നിർമാണ രീതി ഏവരേയും അത്ഭുതപ്പെടുത്തുന്നതാണ്, ഭൂരിഭാഗവും മരത്തടിയിലാണ് വലിയ ജുമഅത്ത് പള്ളി നിർമ്മിച്ചിരിക്കുന്നത്