കേരളത്തേയും കർണാടകത്തിനേയും വേർതിരിച്ച് കബനിപ്പുഴ അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക് ഒഴുകുകയാണ്. ആനയും കടുവയും പുലിയും കാട്ടുപോത്തും മറ്റനേകം വന്യജീവികളും അധിവസിക്കുന്ന കൊടുംകാടാണ് പുഴയുടെ ഇരുകരയിലും, വർഷത്തിലൊരുനാൾ മാത്രം പൊതുജനങ്ങൾക്കായി ഉറൂസിന് (നേർച്ച) വേണ്ടിതുറന്നു കൊടുക്കുന്നുണ്ട് ഈ കൊടുംകാട്. മലയാളം പറയുന്നവർ ബാവലി മച്ചൂര് വഴി പുഴയ്ക്ക് ഇക്കരെ നിന്നും കന്നടക്കാർ മൈസൂർ ആന്ത്രസ്ഥ വഴി പുഴയ്ക്ക് അക്കരെ നിന്നും ജാതിമത ഭാഷാഭേതമന്യേ ആയിരങ്ങളാണ് വന്യമൃഗങ്ങൾ സ്വൗര്യവിഹാരം നടത്തുന്ന ഈ കൊടും കാട്ടിലോട്ട് ഒഴുകുന്നത്.
ഇനിയൽപം പഴയ കഥപറയാം
അറേബ്യയിൽനിന്ന് ഇന്ത്യയിലെത്തിയ പണ്ഡിതന്മാരിലൊരാളെന്ന് പറയപ്പെടുന്ന ഹസ്റത് സയ്യിദ് അബ്ദുൽ ബാരി തങ്ങൾ കർണാടകയിലെ ബാവലിക്കടുത്തുള്ള ബേഗൂർ ഫോറസ്റ്റ് ഒാഫിസിലെത്തുകയും പ്രാർത്ഥന നിർവഹിക്കാനുള്ള അനുവാദം ചോദിക്കുകയും ചെയ്തു. ശേഷം ഒരു ആദിവാസിയേയും കൂട്ടി ഇരുകര കവിഞ്ഞൊഴുകുന്ന കബനിപ്പുഴയിലൂടെ സാഹസികമായി ബന്ദീപൂർ വനത്തിലേക്ക് യാത്ര തിരിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ച് വരാതായപ്പോൾ വനപാലകരുടെ അന്വേഷണത്തിൽ കാടിനുള്ളിൽ രണ്ട് ഖബറുകൾ കാണാനിടയായി എന്നൊക്കെയാണ് ചരിത്രം.
വർഷത്തിലൊരുനാൾ ഏപ്രിൽ മാസത്തിൽ വന്യമൃഗങ്ങൾ മേഞ്ഞുനടക്കുന്ന ബന്ദീപൂർ കാട്ടിനുള്ളിൽ അന്തിയുറങ്ങുന്ന തങ്ങളേയും കൂടെപ്പോയ ആദിവാസിയേയും കാണാൻ ഇരട്ടക്കുഴൽ തോക്കേന്തിയ കർണാടക വനപാലകരുടെ സംരക്ഷണത്തിൽ ആയിരങ്ങളാണ് ഇവിടേക്ക് ഒരുകുന്നത്. മാനന്തവാടി മൈസൂർ റോഡിൽ ബാവലി ചെക്ക് പോസ്റ്റ് കഴിഞ്ഞ് അഞ്ചുകിലോമീറ്റർ സഞ്ചരിച്ചാൽ മച്ചൂരെന്ന പ്രദേശത്തെത്താം അവിടെനിന്ന് വലത്തോട്ടുള്ള ചെറിയ റോഡിറങ്ങി മൂന്നുകിലോമീറ്റർ സഞ്ചരിച്ചാൽ മച്ചൂർ ജുമാമസ്ജിദ് കാണാം അവിടെനിന്ന് ഏകദേശം അഞ്ചുകിലോമീറ്റർ സഞ്ചരിച്ചാൽ ഗുണ്ടറയ്ക്ക് പോവാനുള്ള സ്ഥലത്തെത്താം ശേഷം പുഴകടഞ്ഞ് കാട്ടാനകൾ ഉലാത്തുന്ന പുൽമൈതാനിയും കൊടും കാടും കടന്ന് അഞ്ചുകിലോമീറ്റർ നടന്നുവേണം ഗുണ്ടറമഖാമിലെത്താൻ.
മച്ചൂരിനെകുറിച്ച്
എങ്ങും നെൽപാട മൈതാനങ്ങൾ അതിനിടയിലൂടെ പൊട്ടിപ്പൊളിഞ്ഞ ചെറിയൊരു റോഡ്, പാടങ്ങൾക്കിടയിൽ അങ്ങിങ്ങായി ഒാലകൊണ്ടും പുല്ലുകൊണ്ടും മേഞ്ഞ കൊച്ചുവീടുകൾ, അവരുടെ വീടുകളുടെ ഉമ്മറപ്പടിയിലൂടെ ഒഴുകുന്ന കബനിപ്പുഴയുടെ മറുകരയിലോട്ട് നോക്കിയാൽ അവർക്കവരുടെ മലയാള നാടുകാണാം. പ്രകൃതിയോട് പടവെട്ടി ജീവിക്കുന്ന ഒരുപറ്റം ജനത, ഗൗഡന്മാർ എന്നാണത്രെ അവർ അറിയപ്പെടുന്നത്. മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയും പാർക്കുന്ന ഒരു കൊച്ചു ഗ്രാമം, കർണാടകയുടെ മണ്ണിൽ മലയാളിത്തനിമ ചോരാതെ കാത്തുസൂക്ഷിക്കുന്ന വിഭാഗം
No comments:
Post a Comment