ഗുണ്ടൽപേട്ട എന്ന് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല, കാര്യം മറ്റൊന്നുമല്ല നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പച്ചക്കറികളിൽ അധികവും കർണാടകത്തിലെ ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേട്ട എന്ന ഗ്രാമത്തിൽ നിന്നുള്ളവയാണ്.
വയനാട്ടിലെ മുത്തങ്ങ ബോർഡറും കടന്ന് ഏകദേശം 30 കിലോമീറ്റർ ബന്ദീപൂർ കടുവാ സങ്കേതത്തിലൂടെ സഞ്ചരിച്ചാൽ ഗുണ്ടൽപേട്ടയിലെത്താം. തക്കാളിയും, ഉള്ളിയും, കേബേജും, പയറും, ബീറ്റ്റൂട്ടും, പച്ചമുളകും തുടങ്ങിയ പച്ചക്കറികൾ കിലോമീറ്ററുകളോളം വിളവെടുപ്പിനായി തയ്യാറായി നിൽക്കുന്നത് കാണാം. കേരളക്കാർ പച്ചക്കറി കഴിക്കണമെങ്കിൽ ഗുണ്ടൽപേട്ടക്കാർ പാടത്തിറങ്ങണമെന്ന് സാരം.
പച്ചക്കറി പോലെ തന്നെ അവരുടെ മറ്റൊരു പ്രധാന കൃഷിയാണ് പൂക്കൾ. നമുക്ക് ഒാണക്കാലമാവുന്നതിന് അടുപ്പിച്ച് പച്ചക്കറി തോട്ടങ്ങളിൽ അവർ ചെണ്ടുമല്ലിയുടെയും സൂര്യകാന്തിയുടെയും വിത്തിറക്കും. മൂന്ന് മാസം കൊണ്ട് കിലോമീറ്ററുകളോളം പൂക്കളുടെ താഴ്വരയാവുന്ന ഇന്ത്യയിലെ അപൂർവം ചില കാഴ്ചകളിൽ ഗുണ്ടൽപേട്ട് ഗോപാൽസ്വാമി ഹിൽസ് പ്രദേശങ്ങൾ ഇടം പിടിക്കും. ഗുണ്ടൽപേട്ടയ്ക്ക് പൂക്കളുടെ നിറകുടമെന്നും കടുകവകളുടെ നാടെന്നും വിളിപ്പേരുണ്ട്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കടുവാ സങ്കേതമായ ബന്ദീപൂർ റിസർവ്ട് ഫോറസ്റ്റിനോട് ചേർന്ന് നിൽക്കുന്ന നിരവധി ഗ്രാമ പ്രദേശങ്ങൾ ഉണ്ട് ഗുണ്ടൽപേട്ടയിൽ. വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണ് ഈ പ്രദേശങ്ങൾ. കാടിറങ്ങി വരുന്ന വന്യമൃഗങ്ങൾക്കിടയിൽ എങ്ങനെയാണ് നിർഭയരായി ഗ്രാമത്തിലുള്ളവർ ജീവിക്കുന്നതെന്ന് ഈ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ചിന്തിച്ച് പോവും.