Wildlife Sanctuary | mudumalai national park stay | bandipur national park stay | mudumalai jungle resort | greenwoods nature camp mudumalai tamil nadu | bangalore to mudumalai | mudumalai cottage | bandipur wildlife resort | Masinagudi | karnataka government guest house in bandipur | masinagudi jungle hut
സമയം 10 കഴിഞ്ഞിട്ടും നല്ല മൂടൽ മഞ്ഞുണ്ട് വയനാട്ടിൽ, കുറ്റ്യാടി ചുരം കയറി നേരെ ചെന്നിറങ്ങിയത് മഞ്ഞുമൂടിയ തേറ്റമലയിലാണ്. നാട്ടിലെ ഒരു കല്യാണത്തിന് വന്ന ബഹറൈനിൽ നിന്നുള്ള രണ്ട് അറബികളുണ്ട് അവരെ നമ്മുടെ നാട് കാണിക്കലാണ് പ്രധാന ലക്ഷ്യം. തേയില തോട്ടങ്ങളും പൊടിയാവാനായി കാത്തിരിക്കുന്ന ചുവപ്പൻ കാപ്പിയും വാഴയും കവുങ്ങുമൊക്കെ അവർ ആസ്വദിച്ചു കണ്ടു. ഈ പച്ചഇല എങ്ങനെയാണ് കറുത്ത പൊടിയാവുന്നത് എന്നതാണ് അവർക്കറിയേണ്ടത്.
രണ്ടുപേരും ഇന്ത്യയിൽ ആദ്യമായാണ് വരുന്നത്, ഇനിയവർക്ക് ആനയേയും കടുവയേയും കാണണം. അടുത്തത് ബന്ദീപൂർ കടുവാ സങ്കേതമാണ് ലക്ഷ്യം, മുത്തങ്ങ ചെക്പോസ്റ്റും കടന്ന് ബന്ദീപൂരിലേക്ക്, ആന പോയിട്ട് ഒരു മാൻ പോലും ദർശനം തന്നില്ല. കടുവാ സങ്കേതങ്ങൾ ഇനിയുമുണ്ടെന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ചു. ഗുണ്ടൽപേട്ട എത്തുന്നതിനും ഏതാനും കിലോമീറ്ററുകൾക്ക് മുമ്പ് ഗോപാൽ സ്വാമി ഹിൽസിലേക്ക് ഒരു എളുപ്പ വഴിയുണ്ട്.
തക്കാളിയും പച്ചമുളകും കാബേജും മല്ലിയുമൊക്കെ കണ്ണെത്താ ദുരത്തോളം നിലങ്ങളിൽ തളിർത്ത് നിൽക്കുന്ന കാഴ്ച അറബികൾക്ക് മാത്രമല്ല ഒാരോ മലയാളിക്കും കുളിർമ തരുന്നതാണ്. തോട്ടങ്ങളുടെ നടുവിലൂടെയായി തീരെ വീതികുറഞ്ഞ ഒരു ചെറിയ റോഡ്, തോട്ടങ്ങൾക്ക് ഇടയിൽ അങ്ങിങ്ങായി കർഷകരുടെ കൊച്ചുവീടുകൾ, ഗോപാൽസ്വാമി ഹിൽസ് തലയുയർത്തി നിൽപുണ്ട് ഒരുവശത്ത്, ഉപ്പാ.. ഉപ്പാ.. ഇവിടത്തുകാരൊക്കെ ടച്ച് ഫോണൊക്കെ ഉപയോഗിക്കുന്നുണ്ടാവൊ? മുമ്പിലത്തെ സീറ്റിലിരുന്ന് ഷാഫിയ! ഇവരൊക്കെ ഫോണിൽ കളിച്ചിരിക്കാത്തത് കൊണ്ട് മാത്രമാണ് നീ ഒക്കെ നാലുനേരം വെട്ടി വിഴുങ്ങുന്നത്, ഉപ്പാന്റെ മറുപടിയിൽ അവൾക്കുള്ളതെല്ലാം ഉണ്ടായിരുന്നു! പേട്ടയിലെ കർഷകർ പാടത്തിറങ്ങുന്നത് കൊണ്ടാണ് നമുക്ക് പച്ചക്കറി കിട്ടുന്നത് എന്ന വർത്തമാനം തീർത്തും ശരിയാണെന്ന് തോന്നിപ്പോവും.
ഏകദേശം പതിനഞ്ച് കിലോമീറ്റർ സഞ്ചരിക്കണം ഗോപാൽസ്വാമി ഹിൽസിന്റെ താഴ്വരയിലെത്താൻ. ബന്ദീപൂർ കടുവാ സങ്കേതത്തിലെ ഏറ്റവും ഉയരം കൂടിയ മുടിയാണ് ഗോപാൽസ്വാമി ഹിൽ. അയ്യായിരത്തോളം അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മലയുടെ മുകളിലോട്ട് പോവാൻ സ്വകാര്യ വാഹനങ്ങൾക്ക് അനുവാദമില്ല, കർണാടക സർക്കാറിന്റെ ബസ് ഉണ്ട് അരമണിക്കൂർ ഇടവെട്ട്. ഞങ്ങളെത്തിയത് ഉച്ചസമയമായതിനാൽ സന്ദർശകർ വളരെ കുറവായിരുന്നു. കഷ്ടിച്ച് ഒരു ബസ്സിന് മാത്രം കടന്നുപോവാൻ പറ്റുന്ന വീതിയിലുള്ള ചെറിയൊരു റോഡ്. അവിടുന്നങ്ങോട്ട് കുത്തനെ മലകയറ്റമാണ്, ബന്ദീപൂരിന്റെ കാനന ഭംഗി ഉയരത്തിലിരുന്ന് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോവാൻ പറ്റിയ ഒരിടമാണിവിടം. വളഞ്ഞുപുളഞ്ഞ് പോവുന്ന ഈ റോഡിൽ ഇടയ്ക്കിടയ്ക്ക് വന്യമൃഗങ്ങൾ ഇറങ്ങി വരാറുണ്ട്. അതിനാലാണ് സ്വകാര്യ വാഹനങ്ങൾക്ക് അനുമതി നിഷേധിക്കുന്നത്. അപകടം പിടിച്ച വളവുകൾ താണ്ടി മുകളിലെത്തിയാൽ മുകളിൽ വലിയൊരു ക്ഷേത്രമുണ്ട്.
ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേട്ട് താലൂക്കിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഗുണ്ടൽപേട്ട ഊട്ടി റോഡിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.
കടുവകളുടെ തറവാട്ടിലെ ഈ മലകയറ്റം മരുഭൂമിയും കടലും മാത്രം കണ്ടുശീലിച്ച ബഹറൈനികളെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും നല്ല അനുഭവങ്ങളിലൊന്നായിരിക്കും. ബന്ദീപൂരും മുതുമലയും കടന്ന് ഗുഡല്ലൂർ എത്തുമ്പോഴേക്കും അവർ കണ്ട കാഴ്ചകൾ അവർക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു.