By RK Nadapuram
Attappadi, mulli, ootty, mannarkkad, manjoor, coonoor, kotagiri, nilgiris
നമ്മൾ ഫെയ്ക്കാണ് 100% ഫെയ്ക്ക്
അട്ടപ്പാടിയിൽ നിന്ന് മുള്ളിയിലേക്ക് പോവുന്നതിനിടയിലാണ് ഭവാനിപ്പുഴയ്ക്ക് കുറുകെയായി ആ വീതികുറഞ്ഞ പാലവും മറുകരയിൽ മണ്ണിന്റെ മക്കളേയും കാണാനിടയായത്. പുഴകടന്ന് മറുകരയിൽ വിശ്രമിക്കുന്നിതിനിടയിൽ കയ്യിൽ ഒരു വാക്കത്തിയുമായി ഒരു അത്ഭുത മനുഷ്യൻ ഞങ്ങളുടെ അടുത്തോട്ട് വന്നു, പിന്നെയങ്ങ് സംസാരമാണ് നിർത്താതെയുള്ള സംസാരം. കേട്ടിരിക്കാൻ രസമുള്ള നമുക്കറിയാത്ത എന്തൊക്കെയോ കാര്യങ്ങൾ അതിനിടയിൽ കാടകത്തെ വർണിക്കുന്ന, കാനന വാസികളുടെ കഥപറയുന്ന പാട്ടുകൾ ഇടയ്ക്കിടയ്ക്ക് ഉറക്കെ പാടുന്നുണ്ട്. കുറേ സംസാരിച്ചപ്പൊ ആ പച്ചയായ മനുഷ്യൻ ചോദിക്കുവാ പോരുന്നൊ കാട്ടിലോട്ടെന്ന്, ഞങ്ങൾക്ക് മറിച്ചൊന്ന് ചിന്തിക്കാനുണ്ടായിരുന്നില്ല കൂടെയങ്ങ് പോയി. എം.സി. മരുതൻ അതൊരു യൂനിവേയ്സിറ്റിയാണ് എത്ര പഠിച്ചാലും ഭാക്കിയുള്ളൊരു പുസ്തകം. അട്ടപ്പാടിയിലെ ചെമ്മാനൂർ ഊരിന്റെ മൂപ്പനാണ് മരുതൻ, വയസ്സ് 71, പഞ്ചായത്ത് പ്രസിഡന്റായും ഊരിന്റെ കാരണവനായും സേവനമനുഷ്ടിച്ചു.
ഏകദേശം 108 ഊരുകളുള്ള പ്രദേശമായിരുന്നു അട്ടപ്പാടി ഇന്നത് വിഭജിച്ച് 178 കോളനികളിലായി അവിടുത്തുകാർ സന്തോഷത്തോടെ ജീവിക്കുന്നു. അട്ടപ്പാടിയിലെ ഏറ്റവും ഉയരം കൂടിയ മുടികളിലൊന്നാണ് മല്ലേശ്വര മുടി, വർഷത്തിലൊരിക്കൽ ഇവർ മലകയറും. ഇവരുടെ ഒരു പ്രധാന ഉൽസവമാണ് ശിവരാത്രി മഹോൽസവം. വർഷത്തിലെ നല്ലൊരുപാതി വൃതമെടുത്ത് ശിവരാത്രി നാളിൽ മല്ലേശ്വര മുടി കയറുന്നു. ഞങ്ങളുടെ ചെറുപ്പകാലത്തൊക്കെ അത് നന്നായി നടന്നിരുന്നു പുതിയ പുള്ളാരൊന്നും അത്തരത്തിൽ ചെയ്യുന്നില്ലെന്ന് മരുതൻ ചിരിച്ചുകൊണ്ട് പറഞ്ഞുവച്ചു.
കോടപുതച്ചുറങ്ങുന്ന അട്ടപ്പാടിയുടെ മലഞ്ചെരുവുകളിലൂടെ യാത്രപോവണം എന്നിട്ട് അവരുമായി സംസാരിക്കണം അപ്പം നാം തിരിച്ചറിയും ഈ അടക്കിപ്പിടിച്ചിരിക്കുന്നതിലധികവും പലരുടെയും കണ്ണീരും ശാപവുമാണെന്ന്. നമുക്ക് കള്ളം പറയാനും വെട്ടിപ്പിടിക്കാനുമൊക്കെയേ അറിയു, നമ്മൾ മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്നതിലാണ് ആനന്ദം കണ്ടെത്തുന്നത്. അവർക്ക് നാളെയില്ല ഇന്നാണ് ആ ഇന്നിലാണ് അവർ ജീവിക്കുന്നത്.
കയ്യിലുണ്ടായിരുന്ന ആ ചെറിയ പൊതി തുറന്ന് അതിൽ മടക്കിവച്ച ചെറിയ പേപ്പർ കഷണം എടുത്തിട്ട് ഞങ്ങളിലോട്ട് നീട്ടി മക്കളുടെ നമ്പറ് തരൂ ഞാൻ വിളിക്കാം. തിരിച്ച് വരുമ്പൊ കെട്ടിപ്പിടിച്ച് ആ മനുഷ്യൻ പറയുവാണ് മക്കൾ ഇനിയും വരണം ഞങ്ങളുടെ കൂടെ താമസിക്കണം ഒന്നിച്ചിരുന്ന് പാട്ടുപാടണം ഭക്ഷണം കഴിക്കണം ഞങ്ങളുടെ കൂരയിൽ കിടന്നുറങ്ങണം. ഞങ്ങൾ ചോദിക്കാൻ ആഗ്രഹിച്ച കാര്യങ്ങളെല്ലാം ഒറ്റ ശ്വാസത്തിൽ ആ മനുഷ്യൻ പറഞ്ഞുവച്ചു.
No comments:
Post a Comment