സൈലന്റ് വാലിയിൽ നിന്ന് ഉൽഭവിച്ച് മലപ്പുറം ജില്ലയുടെ ഹൃദയ ഭാഗത്തുകൂടെ ഒഴുകി അറബിക്കടലിനോട് കിസ്സ പറയുന്ന കടലുണ്ടി പുഴയുടേയും, എളമ്പിലേരി മലനിരകളിൽ നിന്ന് ഉൽഭവിച്ച് മലപ്പുറത്തുകാരോടും കോഴിക്കോട്ടുകാരോടും കഥകൾ പറഞ്ഞ് അറബിക്കടലിൽ ചെന്നിറങ്ങുന്ന ചാലിയാർ പുഴയുടേയും തീരങ്ങളിൽ തിങ്ങിനിറഞ്ഞ കണ്ടൽക്കാടുകളാൽ പച്ചവിരിച്ച് നിൽക്കുന്ന കുറേ കൊച്ചു തുരുത്തുകളുള്ള ഒരു അതിമനോഹരമായ തീരദേശ ഗ്രാമമാണ് കടലുണ്ടി.
കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലും പരന്നു കിടക്കുന്ന ഈ അഴിമുഖ ഗ്രാമത്തിൽ നിരവവധി കാഴ്ചകളുണ്ട് കാണാൻ.
രാജ്യത്തെ നടുക്കിയ 2001ലെ തീവണ്ടി അപകടത്തിന്റെ നീറുന്ന ഒാർമകളുടെ ബാക്കിപത്രം ഇന്നുമുണ്ട് കടലുണ്ടി പുഴയിൽ. പൂർണമായും വെള്ളത്താൽ ചുറ്റപ്പെട്ട ബാലതുരുത്തിയും ചെറുതുരുത്തിയും ഈ നാടിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു.
വിവിധയിനം കണ്ടലുകളാൽ അലങ്കരിച്ച ബാലതുരുത്തിയാണ് ഇതിൽ പ്രധാനപ്പെട്ടത്. പ്രധാനമായും രണ്ട് വഴികളാണ് ബാലതുരുത്തിയിലെത്താൻ, ഒന്ന് ഗതാഗതത്തിനും മറ്റൊന്ന് കാൽനടയാത്രയ്ക്കുമുളളതാണ്. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലാണ് ഈ തുരുത്ത് സ്ഥിതിചെയ്യുന്നത്.
മറ്റൊരു പ്രധാന ആകർഷണം സർക്കാറിന്റെ പക്ഷി സങ്കേതമാണ്. അനേകം ദേശടനക്കിളികളാൽ സമ്പന്നമായ കടലുണ്ടി പുഴയിലെ മറ്റൊരു കര, ഇവിടെ നിന്ന് കടലുണ്ടിയിലെ കാഴ്ചകൾ കാണാൻ സർക്കാറിന്റെ ബോട്ട് സംവിധാനവും ഉണ്ട്. കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിലാണ് ഈ കര സ്ഥിതിചെയ്യുന്നത്.
കടലുണ്ടി പാലത്തിനടിയിലെ തട്ടുകടയിൽ നിന്ന് ഐസ് ഒരതിയതും ഉപ്പിലിട്ടതും വാങ്ങി അഴിമുഖത്തെ തെങ്ങിൻ തോപ്പിലെ പാറയിലിരുന്ന് നല്ല തണുത്ത കടൽക്കാറ്റും കൊണ്ട് ചാലിയത്തെ പുളിമുട്ടും നീണ്ടുപരന്നു കിടക്കുന്ന ബീച്ചും അതും കൂടാതെ കടലുണ്ടി പുഴ അറബിക്കടലിനോട് രമിക്കുന്ന കാഴ്ചയും കണ്ട് മടങ്ങിയാൽ ശരീരം മാത്രമല്ല മനസ്സും ഒന്ന് തണുക്കും
kadalundi tourism #malappuram #kozhikode #kozhikodebeach #beypore #chaliyam #kadalundi #rknadapuram rayees koodatt