ഒരു ദിവസം കൊണ്ട് 3 സംസ്ഥാനങ്ങിലൂടെ 6 ജില്ലകള്‍ കടന്ന് കടുവയും പുലിയും കരടിയും ആനയും കാട്ടുപോത്തും ഉലാത്തുന്ന 7 ഘോര വനങ്ങള്‍ താണ്ടി ബൈക്കില്‍ ഒരു അടിപൊളി യാത്രപോവാം. ഇതൊക്കെ സാധിക്കുമോ എന്നായിരിക്കും നിങ്ങളില്‍ പലരും ചിന്തിക്കുന്നത്. എന്നാല്‍ മനസ്സ് വെച്ചാല്‍ ഒരുദിവസം കൊണ്ട് ബൈക്കില്‍ പോയിവരാനാവും. രാവിെല നാല് മണിക്ക് കോഴിക്കോട് നിന്നും പുറപ്പെട്ട് താമരശ്ശേരി കല്‍പ്പറ്റ വഴി പുല്‍പ്പള്ളിക്കടുത്ത് കൊടും വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ചേകാടി എന്ന അതിമനോഹരമായ ഗ്രാമത്തിലേക്കാണ് ആദ്യ യാത്ര.
പട്രി റിസര്‍വ്ട് ഫോറസ്റ്റിനുള്ളിലാണ് ചേകാടിയെന്ന അതിമനോഹരമായ ഗ്രാമം സ്ഥിതിചെയ്യുന്നത്. കല്‍പ്പറ്റ വഴി വരുന്നവര്‍ മുട്ടില്‍ കേണിച്ചിറ വഴി പുല്‍പ്പള്ളിക്കൊ അല്ലെങ്കില്‍ കേണിച്ചിറ നിന്ന് നടവയല്‍ വഴി പുല്‍പ്പള്ളിക്കെ വന്ന് അവിടെ നിന്ന് ഫോറസ്റ്റ് വഴി ചേകാടിക്ക് പോവാവുന്നതാണ്. കേരള കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന അടിപൊളി ഗ്രാമമാണ് ചേകാടി. മൂന്ന് ഭാഗം ഫോറസ്റ്റും ഒരു ഭാഗം കബനിപ്പുഴയാലും വലയം ചെയ്തിരിക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട് ചേകാടിക്ക്. മലബാര്‍ മാന്വലില്‍ ചേകാടിയെന്ന ഗ്രാമത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
കബനിപ്പുഴയ്ക്ക് കുറുകെയുള്ള പാലവും കടന്ന് ബാവലി ചെക്‌പോസ്റ്റിലേക്ക്. ചേകാടിയില്‍ നിന്ന് വെറും 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബാവലി ചെക്‌പോസ്റ്റിലെത്താം. പ്രസിദ്ധമായ കുറുവാ ദ്വീപ് ചേകാടി ഗ്രാമത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ബാവലി ചെക്‌പോസ്റ്റില്‍ നിന്ന് 93 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൈസൂരിലെത്താം. ശ്രദ്ധിക്കേണ്ടത് രാത്രി 9 മണിക്ക് ചെക്‌പോസ്റ്റ് അടയ്ക്കും. രാജീവ് ഗാന്ധി നാഷനല്‍ പാര്‍ക്കിലൂടെയും നാഗര്‍ഹോള ടൈഗര്‍ റിസര്‍വ്ട് ഫോറസ്റ്റിലൂടെയുമുള്ള മൈസൂരിലേക്കുള്ള യാത്ര എന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതായിരിക്കും. ആനക്കൂട്ടങ്ങളും മാന്‍ക്കൂട്ടങ്ങളും ഇടയ്ക്കിടെ ദര്‍ശനം നല്‍കിക്കൊണ്ടേയിരിക്കും. ഭാഗ്യമുണ്ടെങ്കില്‍ കടുവയും പുലിയൊക്കെ വന്നെന്നും ഇരിക്കും. മാസങ്ങള്‍ക്ക് മുമ്പ് ഈ വഴിയിലുള്ള മച്ചൂര് എന്ന പ്രദേശത്ത് കടുവയിറങ്ങി രണ്ട് പേരെ കൊന്നിരുന്നു.
മൈസൂരിനെ ചെറുതായി നോക്കിക്കാണാനെ ഈ യാത്രയില്‍ സത്യത്തില്‍ സമയം കിട്ടുകയുള്ളു. ഇനി പോവാനുള്ളത് ബന്ദീപൂരിലേക്കാണ്, മൈസൂരില്‍ നിന്ന് നെഞ്ചന്‍കോട് ഗുണ്ടല്‍പേട്ട് വഴി ബന്ദീപൂരിലേക്ക്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കടുവാ സങ്കേതങ്ങളിലൊന്നാണ് ബന്ദീപുര്‍. കര്‍ണാടകയിലെ ചാമരാജനഗര്‍, വയനാട്, തമിഴ്‌നാട്ടിലെ നീലഗിരി എന്നീ മൂന്ന് ജില്ലകളിലായാണ് ബന്ദീപൂര്‍ ടൈഗര്‍ റിസര്‍വ്ട് ഫോറസ്റ്റ് സ്ഥിതിചെയ്യുന്നത്. മൂന്ന് ജില്ലകളുടേയും അതിര്‍ത്തി പങ്കിടുന്നത് മുത്തങ്ങയ്ക്ക് അടുത്തായാണ്.
ബന്ദീപൂരില്‍ പ്രധാനമായും കാണാനുള്ളത് ഗോപാല്‍സ്വാമി ബേട്ട് ടെംപിള്‍ ആണ്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം അയ്യായിരം അടി ഉയരത്തിലാണ് ഗോപാല്‍ സ്വാമി ടെംപിള്‍ സ്ഥിതി ചെയ്യുന്നത്. ബന്ദീപൂര്‍ ഫോറസ്റ്റിനുള്ളിലെ ഏറ്റവും ഉയരം കൂടിയ മുടി കൂടിയാണിത്. ബന്ദീപൂര്‍ ഫോറസ്റ്റ് കഴിഞ്ഞ് നേരെ ചെല്ലുന്നത് തമിഴ്‌നാട് ബോര്‍ഡറിലേക്ക്. പിന്നീടങ്ങോട്ട് മുതുമല റിസര്‍വ്ട് ഫോറസ്റ്റ് വഴിയാണ് യാത്ര. മനസ്സിനെ കുളിരണിയിപ്പിക്കുന്ന തിങ്ങിനിറഞ്ഞ ഘോരവനം ഇടയ്ക്ക് പേടിപ്പെടുത്താന്‍ ആനക്കൂട്ടങ്ങളും കാട്ടുപോത്തും വന്നുകൊണ്ടോയിരിക്കും, സിംഹവാലന്‍ കുരങ്ങുകള്‍ കൂടുതലായും കണ്ടുവരുന്നത് ഈ ഭാഗങ്ങളിലാണ്.
മറ്റൊരു പ്രധാനപ്പെട്ട സംഗതി ബന്ദീപൂരിലും മുതുമലയിലും ഫോറസ്റ്റിനുള്ളില്‍ സര്‍ക്കാറിന്റെ താമസ സൗകര്യം ഉണ്ട്. 1600 രൂപ കൊടുത്ത് മുന്‍കൂട്ടി ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് കാട്ടിനുള്ളില്‍ താമസിക്കാനാവും. ജീവിതത്തില്‍ ഒരിക്കലും മറക്കാനാത്ത ഒരു അനുഭവം ആയിരിക്കും അത് എന്നത് നിസ്തര്‍ക്കമാണ്. ബുക്ക് ചെയ്യാന്‍ https://www.mudumalaitigerreserve.com/ മുതുമല ഫോറസ്റ്റിനുള്ളില്‍ വരുന്ന തെപ്പക്കാട് എന്ന് പ്രദേശത്ത് നിന്ന് റോഡ് രണ്ടായി തിരിയും. ഒന്ന് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മസിനഗുഡി വഴി ഊട്ടിയിലേക്കും മറ്റൊന്ന് ഗുഡല്ലൂര്‍ വഴി ഊട്ടിക്കും. ഊട്ടിക്കുള്ള നാഷനല്‍ ഹൈവേ കടന്ന് പോവുന്നത് ഗുഡല്ലൂര്‍ വഴിയാണ് ഏകദേശം 70 കിലോമീറ്ററുണ്ട് തെപ്പക്കാട് നിന്ന് ഊട്ടിക്ക്. എന്നാല്‍ വെറും 36 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മസിനഗുഡി വഴി ഊട്ടിയ്‌ലെത്താം.
തെപ്പക്കാട് നിന്ന് മൊയാര്‍ പുഴയ്ക്ക് കുറുകെയുള്ള വളരെ വീതികുറഞ്ഞ പാലം കടന്നാണ് ഊട്ടിക്ക് പോവേണ്ടത്. പാലത്തിലൂടെ വലിയ വാഹനങ്ങള്‍ക്ക് കടന്ന് പോവാന്‍ കഴിയില്ല. പാലം കടന്നാല്‍ ഫോറസ്റ്റിനുള്ളിലൂടെയുള്ള വളരെ വീതികുറഞ്ഞ റോഡ്, ചെന്നുചേരുന്നത് മസിനഗുഡിയെന്ന കാട്ടിനുള്ളിലെ ചെറിയൊരു ടൗണിലേക്ക്. അവിടുന്നങ്ങോട്ട് കുറച്ച് സഞ്ചരിച്ചാല്‍ കണ്ണെത്താ ദൂരത്തേക്ക് പരന്നുകിടക്കുന്ന മലനിരകള്‍ നമ്മളിലേക്ക് സഞ്ചരിക്കുന്നത് പോലെ തോന്നും. അപകടം പതിയിരിക്കുന്ന 36 കൂറ്റന്‍ ഹെയര്‍പിഞ്ഞുകള്‍ താണ്ടി ഊട്ടിപ്പട്ടണത്തിലേക്ക്. അവിടുന്ന് ഗുഡല്ലൂര്‍, നാടുകാണി ചുരം, നിലമ്പൂര്‍ ഫോറസ്‌റ് വഴി കോഴിക്കോട്ടേക്ക്.
No comments:
Post a Comment