നീലഗിരികുന്നിന്റെ ഉച്ചിയിലെ മഞ്ചൂരിൽ നിന്ന് ചോറും തിന്ന് കോത്തഗിരിയിൽ മഴ നനയാൻ പോയ വർത്തമാനമൊക്കെ അങ്ങനെ പറഞ്ഞു തീർക്കാൻ പറ്റില്ലടൊ!
കുറഞ്ഞചിലവിൽ റുമുകളും ഫാം ഹൗസുകളും സുലഭമാണ് പാലക്കാടൻ ഗ്രാമങ്ങളിൽ. ഞങ്ങക്ക് 500 രൂപക്ക് എ.സി. റൂം കിട്ടിയ കഥയൊക്കെ ചെറുത് (സ്ഥലം ചോദിക്കണ്ട പറഞ്ഞു തരില്ല). ഭവാനിപ്പുഴയുടെ ഇങ്ങേകരയിലെ താവളത്തുള്ളൊരു ചായക്കടയിൽ നിന്ന് ഏത്തക്കയും പുഴുങ്ങിയ താറാവ് മുട്ടയും കഴിച്ച് തുടങ്ങിയത് കൊണ്ട് കാലത്തെ ഒരു ഇത് ഉണ്ടായിരുന്നു. പ്രകൃതിയുടെ പൊട്ടിയൊലിക്കലിൽ തകർന്നടിഞ്ഞ അട്ടപ്പാടി ചുരത്തിലൂടെയുള്ള അതിരാവിലത്തെ യാത്ര ശ്ശൊ!
രണ്ട് കടകളും തണ്ടർ ബോൾട്ടിന്റെ ക്യാപും ഒരു ക്രൈസ്തവ ദേവലയവും അടങ്ങുന്ന പക്കാ ഒരു അതിർത്ഥി ഗ്രാമം. അവിടുന്നങ്ങോട്ട് തമിഴ്നാട്ടിലെത്താൻ അരകിലോമീറ്ററെ ഉള്ളു പറഞ്ഞിട്ടെന്തു കാര്യം റോഡില്ല, അതിന്റെ പിന്നിലൊരു കഥയുണ്ട് ഈ വഴി മുമ്പ് കൂടുതലാരും യാത്ര പോവാറുണ്ടായിരുന്നില്ല എന്നതാണ് സത്യം. കുറഞ്ഞ കാലമായി ഇതുവഴി കുടുകുടു വണ്ടിക്കാരുടെ കുത്തൊഴുക്കാണ്.
കേരളാ ചെക്പോസ്റ്റ് കടന്ന് ഏകദേശം അരകിലോമീറ്റർ ഇടവഴിയിലൂടെ സഞ്ചരിച്ചാൽ തോക്ക് ചൂണ്ടി പോലിസുകാർ കാവലിരിക്കുന്ന തമിഴ്നാട് ചെക്പോസ്റ്റിലെത്തും. ചാരുമജുംദാറിന്റെ പിൻഗാമികൾ ശക്തിപ്രാപിച്ചതാത്ര ഇവിടം ഈ വിധത്തിൽ സുരക്ഷ ഒരുക്കിയിരിക്കുന്നത്. മുപ്പത് രൂപ കൊടുത്താൽ തമിഴ്നാട് ചെക്പോസ്റ്റ് കടക്കാം,
അവിടുന്നങ്ങോട്ട് ഇടം വലം കാണാത്ത കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം പോവാനാവുന്ന തരത്തിൽ 44 വളവുകൾ അതും കിലോ മീറ്ററുകൾ താണ്ടണം. വാൽപറ ചുരത്തിലെ കാഴ്ചകളോട് മൽസരിക്കുകയാണ് മുള്ളി. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും അപകട സാധ്യതയുള്ള ചുരങ്ങളിലൊന്ന്. യാത്രക്കാർ വളരെ കുറവ്, രാത്രി കാലമായാൽ പുലിയും ആനയും കരടിയുമൊക്കെ റോഡ് ഏറ്റെടുക്കും.
നീലഗിരിക്കുന്നിലെ ഉച്ചിയിലെ ചെറിയ ടൗണായ മഞ്ചൂരിൽ നിന്ന് വയറുനിറയെ ഭക്ഷണവും കഴിച്ച് എണ്ണിയാൽ ഒടുങ്ങാത്ത കയറ്റിറക്കങ്ങൾ താണ്ടി ചാറ്റൽ മഴയും കൊണ്ട് കോത്തഗിരിക്ക് പോയ കഥ അങ്ങനൊന്നും പറഞ്ഞാൽ തീരില്ലടൊ!